
സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണം തിരുവനന്തപുരത്ത് പ്രൗഢമായി; സയ്യിദ് അലി ബാഫഖി തങ്ങൾ മാതൃകാ വ്യക്തിത്വമെന്ന് മന്ത്രി അബ്ദുൽ ഗഫൂർ
തിരുവനന്തപുരം: മഹാപാണ്ഡിത്യം കൊണ്ടും വിനയത്താലും ആത്മീയ വെളിച്ചത്താലും പതിറ്റാണ്ടുകളോളം സമൂഹത്തിന് നന്മ ചൊരിഞ്ഞ മഹനീയ വ്യക്തിത്വമായിരുന്നു മർഹൂം സയ്യിദ് അലി ബാഫഖി തങ്ങളെന്ന് ബഹുമാനപ്പെട്ട മന്ത്രി അബ്ദുൽ ഗഫൂർ അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സൈത്തൂൻ അക്കാദമിയിൽ വെച്ച് നടന്ന സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മീയതയും സാമൂഹിക പ്രതിബദ്ധതയും ഒരുപോലെ സമന്വയിപ്പിച്ച അപൂർവ്വ വ്യക്തിത്വമായിരുന്നു അലി ബാഫഖി തങ്ങളുടേതെന്ന് മന്ത്രി അനുസ്മരിച്ചു. ജാതിമത ഭേദമന്യേ എല്ലാവർക്കും അഭയകേന്ദ്രമായിരുന്ന അദ്ദേഹം, തന്റെ ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച ലാളിത്യവും വിനയവും പുതുതലമുറയ്ക്ക് എന്നും മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രാർത്ഥനാ സംഗമത്തിന് സയ്യിദ് ഹിസ്ബുല്ല ബാഫഖി തങ്ങൾ നേതൃത്വം നൽകി. സയ്യിദ് അലി ബാഫഖി തങ്ങളുടെ ജീവിതവും ദർശനങ്ങളും സമ്മേളനത്തിൽ സംസാരിച്ച പണ്ഡിതന്മാർ അനുസ്മരിച്ചു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഭാരവാഹികൾ, സൈത്തൂൻ അക്കാദമി ഭാരവാഹികൾ ഉസ്താദുമാർ , വിവിധ പോഷക സംഘടനാ നേതാക്കൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.




